10:39pm 30 September 2026
NEWS
ഐഎഎസ് രാജിവച്ചു, ഇനി രാഷ്ട്രീയത്തിലേക്ക്; നിർണായക പ്രഖ്യാപനവുമായി ദിവ്യ
30/09/2026  06:36 AM IST
nila
ഐഎഎസ് രാജിവച്ചു, ഇനി രാഷ്ട്രീയത്തിലേക്ക്; നിർണായക പ്രഖ്യാപനവുമായി ദിവ്യ

ലക്‌നൗ: രാജിവച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യാ മിത്തൽ. ഏതാനും ദിവസങ്ങളായി നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ദിവ്യ തന്റെ രാഷ്ട്രീയ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകില്ലെന്നും ജനങ്ങൾക്കൊപ്പമായിരിക്കും തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും അവർ വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഉത്തർപ്രദേശിൽ നിന്നായിരിക്കും തുടക്കമെന്നും ദിവ്യ പറഞ്ഞു. ഉത്തർപ്രദേശ് തന്റെ കർമ്മഭൂമിയാണെന്നും ഇവിടെനിന്ന് തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ വ്യക്തമാക്കി. നിർണായകമായ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥയുടെ പ്രഖ്യാപനം.

‘ആരുടെയും ഓഫിസുകളിൽ എത്താത്തതും എത്തിയാൽ പോലും കേൾക്കപ്പെടാത്തതുമായ ആളുകളുടെ ശബ്ദമാകാനാണ് താൻ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു ദിവ്യയുടെ പ്രഖ്യാപനം. ഐഎഎസ് രാജിവച്ചതിന് പിന്നാലെ എന്താണ് അടുത്ത നീക്കമെന്ന ചോദ്യത്തിന് ഏതാനും ദിവസങ്ങൾ മറുപടി നൽകാതിരുന്നത് വലിയൊരു തീരുമാനമെടുക്കാനുള്ള ധൈര്യം സംഭരിക്കാനായിരുന്നുവെന്നും വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.

2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ ഏകദേശം 13 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷമാണ് രാജിവച്ചത്. മിർസാപൂർ, ഡിയോറിയ തുടങ്ങിയ ജില്ലകളിൽ ജില്ലാ മജിസ്‌ട്രേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. മിർസാപൂരിലെ വിദൂര ഗ്രാമങ്ങളിലേക്ക് പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അവർ ശ്രദ്ധ നേടിയത്.

രാഷ്ട്രീയത്തിലിറങ്ങുമ്പോൾ ഉത്തരവാദിത്തം, നീതി, സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവയ്ക്കായിരിക്കും പ്രധാന പരിഗണനയെന്ന് ദിവ്യ പറഞ്ഞു. ഗ്രാമങ്ങളിലെ റോഡുകളുടെയും പാലങ്ങളുടെയും അഭാവം, മോശം റോഡുകൾ, മൺസൂൺ കാലത്ത് കുട്ടികളും കുടുംബങ്ങളും നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ തുടങ്ങിയ വിഷയങ്ങളും അവർ ചൂണ്ടിക്കാട്ടി.

‘രാഷ്ട്രീയത്തെ മാറ്റിയെടുക്കണം. ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തും, പക്ഷേ ഏതെങ്കിലും വ്യക്തിക്കൊപ്പമോ പാർട്ടിക്കൊപ്പമോ അല്ല. നിങ്ങളോരോരുത്തർക്കുമൊപ്പമാണ്’ എന്നായിരുന്നു ദിവ്യയുടെ പ്രഖ്യാപനം.

അധ്യാപകർ, കർഷകർ, വിദ്യാർഥികൾ, ഡോക്ടർമാർ, തൊഴിലാളികൾ, അഭിഭാഷകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെയും തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളികളാകാൻ ദിവ്യ ക്ഷണിച്ചു. അർഥവത്തായ രാഷ്ട്രീയ മാറ്റം സാധ്യമാകുന്നത് കൂട്ടായ ജനകീയ പങ്കാളിത്തത്തിലൂടെയാണെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img